T. Shahul Hameed, BA.LLB,
Internal Vigilance Officer,
LSGD, civil station, Kozhikode
Shahul1971@gmail.com
9895043496
ARTICLE 2
കുട്ടികൾക്ക് വേണം ഹരിത കവചം
ടീ. ഷാഹുൽ ഹമീദ്
കാലാവസ്ഥാ വ്യതിയാനം എന്നത് ഭാവിയിൽ വരാൻ പോകുന്ന ഒരു ദൂരവ്യാപക പ്രതിസന്ധിയല്ല, മറിച്ച് ഭൂമിയിലെ കോടിക്കണക്കിന് കുട്ടികൾ നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത യാഥാർത്ഥ്യ മാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് യൂണിസെഫിന്റെ 'ചിൽഡ്രൻസ് ക്ലൈമറ്റ് റിസ്ക് റിപ്പോർട്ട് 2026' പുറത്തിറങ്ങിയിരിക്കുന്നു.
ആഗോള കാലാവസ്ഥാ വ്യതിയാനം ലോകത്തെമ്പാടുമുള്ള കുട്ടികളുടെ ജീവിതത്തെയും ആരോഗ്യത്തെയും സുരക്ഷയെയും എത്രത്തോളം ഭയപ്പെടുത്തുന്ന രീതിയിലാണ് ബാധിക്കുന്നത് എന്ന് കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് വരച്ചുകാട്ടുന്നു. 2025ൽ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നടന്ന 80-ാമത് ജനറൽ അസംബ്ലിയിൽ പാക്കിസ്താനിലെ കുട്ടികൾ അനുഭവിക്കുന്ന പ്രയാസ ങ്ങൾ വിവരിച്ച പരിസ്ഥിതി പ്രവർത്തക സുനൈറയുടെ വാക്കുകൾ കടമെടുത്താണ് ഈ റിപ്പോർട്ട് ആരംഭിക്കുന്നത് തന്നെ. ഭയാനകമായ കണക്കുകൾ, തകരുന്ന ബാല്യം കേവലം ഭൗതിക തകർച്ച മാത്രമല്ല, സമാനതകളില്ലാത്ത മാനസികാഘാതവും ഭയവുമാണ് കാലാവസ്ഥാ വ്യതിയാനം കുട്ടികളിൽ ഉണ്ടാക്കുന്നത്. ലോകത്താകമാനമുള്ള കുട്ടികളിൽ പകുതിയോളം പേർ ഒന്നിലധികം കാലാവസ്ഥാ ദുരന്തങ്ങളുടെ നടുവിലാണ് ജീവിക്കുന്നത്. റിപ്പോർട്ടിലെ ചില പ്രധാന
കണ്ടെത്തലുകൾ ലോകരാജ്യങ്ങളെ അടിയന്തരമായി ചിന്തിപ്പിക്കേണ്ടതാണ്: 110 കോടി കുട്ടികൾ: കനത്ത ചൂട്, വെള്ള പ്പൊക്കം, വരൾച്ച എന്നീ മൂന്ന് ആഘാതങ്ങളും ഒന്നിച്ച് അനുഭവിക്കുന്നു. 230 കോടി കുട്ടികൾ: ലോകത്തിലെ ഏതാണ്ട് എല്ലാ കുട്ടികളും (18 വയസ്സിന് താഴെയുള്ളവർ) കടുത്ത വായു മലിനീകരണത്തിന് ഇരയാകുന്നു. 180 കോടി കുട്ടികൾ: കടുത്ത വരൾച്ചയുടെ പിടിയിലാണ്. 150 കോടി കുട്ടികൾ: അതിരൂക്ഷമായ ഉഷ്ണത രംഗം നേരിടുന്നു. രോഗബാധ: 100 കോടി കുട്ടികൾ മലേറിയ പോലുള്ള പകർച്ചവ്യാധി ഭീഷണിയിലാണ്. 40 ലക്ഷ ത്തോളം കുട്ടികൾ ഒരേസമയം ആറോളം കാലാവസ്ഥാ വെല്ലുവിളികളെയാണ് നേരിടുന്നത്. തകരുന്ന സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ നേരിട്ട് ബാധിക്കുന്നത് കുട്ടികളെയാണ്. അവർക്ക് ലഭിക്കേണ്ട ആരോഗ്യം, പോഷകാഹാരം, ശുദ്ധജലം, വിദ്യാഭ്യാസം, സുരക്ഷിതത്വം എന്നിവയ്ക്കെല്ലാം ഈ പ്രകൃതി പ്രതിഭാസങ്ങൾ വലിയ ഭീഷണിയുയർത്തുന്നു.
എന്തുകൊണ്ട് കുട്ടികൾക്ക് പ്രത്യേക പരിഗണന?
കാലാവസ്ഥാ വ്യതിയാനം മുതിർന്നവരേക്കാൾ വേഗത്തിലും ആഴത്തിലും ബാധിക്കുന്നത് കുട്ടികളെയാണ്. ശാരീരികമായ ദുർബലത, വേഗത്തിലുള്ള നിർജ്ജലീകരണം, ശ്വാസകോശരോഗങ്ങളുടെ തീവ്രത എന്നിവ കുട്ടികളിൽ കൂടുതലാണ്.
കൂടാതെ പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആദ്യം അടച്ചിടേണ്ടി വരുന്നത് വിദ്യാലയങ്ങളാണ്. കാലാവസ്ഥാ ദുരന്തങ്ങൾ കാരണം കുട്ടികൾക്ക് ശരാശരി ഒന്നര വർഷത്തെ പഠനസമയമാണ് നഷ്ട പ്പെടുന്നത്.
ആഗോളചിത്രവും ഇന്ത്യയുടെ ആശങ്കാജനകമായ അവസ്ഥയും:
കാലാവസ്ഥാ വ്യതിയാനം കാരണം കുട്ടികൾ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് മ്യാൻമാറിലാണ്. പാക്കിസ്താൻ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവയ്ക്കൊപ്പം ഇന്ത്യയും തൊട്ടുപിന്നാലെയുണ്ട്. ദുരന്ത ങ്ങളെ പ്രതിരോധിക്കാൻ ശേഷിയില്ലാത്ത സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, ചാഡ്, നൈജർ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികളുടെ അവസ്ഥ പരമദയനീയമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ദുരന്തങ്ങളുടെ വ്യാപ്തിയാണ് പ്രശ്നമെങ്കിൽ, ആഫ്രിക്കയിൽ അത് ദാരിദ്ര്യവും പോഷകാഹാരക്കുറവുമായി ഇരട്ടിക്കുകയാണ്. ഇ ന്ത്യയിലെ സ്ഥിതിവിവരക്കണക്കുകൾ വരുംദിനങ്ങളിലെ വലിയ ജാഗ്രതയിലേക്കാ ണ് വിരൽ ചൂണ്ടുന്നത്.
കാലാവസ്ഥാ ആഘാതം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിലെ 92 ശതമാനം കുട്ടികളും (39.2 കോടി) കടുത്ത ചൂടിൻ്റെ പരിധിയിലാണ് ജീവിക്കുന്നത്. 96 ശതമാനം പേർ കടുത്ത ജലക്ഷാമം നേരിടുന്നു. കഴിഞ്ഞ ജൂണിൽ മുംബൈയിലെ ജലസംഭരണികളിൽ വെറും 10% വെള്ളം മാത്രമാണ് അവശേഷിച്ചതെന്ന കാര്യം റിപ്പോർട്ട് എടുത്തുപറയുന്നു. 99 ശതമാനം കുട്ടികളും ശ്വസിക്കുന്നത് സുരക്ഷിതമല്ലാത്ത വായുവാണ്. ഒഡീഷ, ഉത്തർപ്രദേശ്, ബീഹാർ, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം കാരണം സ്കൂൾ സമയക്രമം മാറ്റുകയോ അടച്ചിടുകയോ ചെയ്യേണ്ടി വന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിച്ചു. ഇന്ത്യയിലെ 40% കുട്ടികളും കടുത്ത ഭക്ഷ്യദാരിദ്ര്യവും നേരിടുന്നുണ്ട്.
പ്രതിവിധികളും പ്രതീക്ഷകളും:
ഫോസിൽ ഇന്ധനങ്ങളായ കൽക്കരി, പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം അടിയന്തരമായി നിർത്തി പുനരുപയോഗ ഊർജ്ജത്തിലേക്ക് (Green Energy) മാറുവാൻ യൂണിസെഫ് ആഹ്വാനം ചെയ്യുന്നു. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഹരിത അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പി ക്കുവാൻ രാജ്യങ്ങൾ ബജറ്റുകളിൽ കൂടുതൽ തുക വകയിരുത്തണം. ചില രാജ്യങ്ങളുടെ മാതൃകാപരമായ പ്രവർത്തനങ്ങളെ റിപ്പോർട്ട് അഭിനന്ദിക്കുന്നുണ്ട്: 1. ഇറ്റലി: നഗരപ്രദേശങ്ങളിൽ തണലിടങ്ങളും ശുദ്ധജല സംവിധാനങ്ങളും ഒരുക്കി. 2. ഇന്തോനേഷ്യ: 'പ്ലാൻ ഇന്തോനേഷ്യ' വഴി കുട്ടികളിൽ കാലാവസ്ഥാ അവബോധം വളർ ത്തുന്നു. 3. ബംഗ്ലാദേശ്: പ്രളയബാധിത പ്രദേശങ്ങളിലെ 'ഒഴുകുന്ന സ്കൂളുകൾ' (Floating Schools) വലിയ വിജയമാണ്. നയരൂപീകരണത്തിൻ്റെ ഭാഗമായി യുണിസെഫിന്റെ നേതൃത്വത്തിൽ 'ഗ്ലോബൽ ചൈൽഡ് ഹസാർഡ് ഡാറ്റാബേസ്' (Glo-bal Child Hazard Database) രൂപികരിക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. ലോകത്തെ കുട്ടികൾ നേരിടുന്ന കാലാവസ്ഥാ പ്രശ്നങ്ങൾ കൃത്യമായി വിശകലനം ചെയ്യാൻ ഇത് സഹായിക്കും.
കുട്ടികൾ ദൈവത്തിൻ്റെ പ്രതിരൂപങ്ങളാ ണ്, അവരുടെ പുഞ്ചിരിയിലാണ് ലോകത്തിൻ്റെ സന്തോഷം. കാലാവസ്ഥാ വ്യതിയാനം എന്നത് വെറുമൊരു പരിസ്ഥിതി പ്രശ്നമല്ല, മറിച്ച് കോടിക്കണക്കിന് കുട്ടി കളുടെ ജീവിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന മനുഷ്യാവകാശ പ്രശ്നമാണ്. വരും തലമുറയ്ക്ക് വേണ്ടി സുക്ഷിച്ചുവെക്കേണ്ട നിധിയാണ് ഈ ഭൂമി. നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾക്കായി ഒരു 'ഹരിത സുരക്ഷാകവചം' തീർക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ച് സടകുടഞ്ഞെഴുന്നേൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
NB:- ലേഖനത്തിൽ പരാമർശിച്ച കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്.
ഈ ലേഖനത്തിലടങ്ങിയ വിവരങ്ങളും കാഴ്ചപ്പാടുകളും ലേഖകന്റെ സ്വന്തം നിലക്ക് മാത്രമുള്ളതാണ്.